സഭയിൽ വനിതാ സംവരണ ബിൽ; ഭരണഘടനാ വിരുദ്ധ നീക്കമെന്ന് പ്രതിപക്ഷം, വാക്പോര്
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം. ബിൽ സഭയിൽ അവതരിപ്പിച്ചു. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ എതിർക്കുന്നുവെന്നു കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ, ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിലെ സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും സഭാചട്ടങ്ങൾ പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് അതു ചർച്ചാവേളയിലാണു സംസാരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
2029ലെ തിരഞ്ഞെടുപ്പിൽ 33% സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ. ബിൽ ഒറ്റക്കെട്ടായി എതിർക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ സഭ പ്രക്ഷുബ്ധമാകും. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാരിന്റെയും തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്സഭ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. എന്നാൽ, ജനസംഖ്യാനുപാതികമായി വർധനയ്ക്കു പുറമെ സീറ്റുകളിൽ 50% വർധന കൂടി ഉറപ്പാക്കുന്ന ഫോർമുല പ്രയോഗിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 2011ലെ സെൻസസ് മാത്രം അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ കേരളത്തിന് 23 സീറ്റുകൾ മാത്രമാണ് ലഭിക്കുക. എന്നാൽ 50 ശതമാനം ഫോർമുലയാണ് പ്രയോഗിക്കുന്നതെങ്കിൽ കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം 20ൽനിന്ന് 30 ആകുമെന്നും കേന്ദ്രം പറയുന്നു. ഇക്കാര്യം ഇന്ന് അമിത് ഷാ സഭയിൽ പരാമർശിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരുൾപ്പെടെ കേന്ദ്രത്തിനെതിരെ രംഗത്തെത്തി.
