Kerala

കേരളം ലവ് ജിഹാദിന്റെ പറുദീസ : വിഎച്ച്പി

കൊച്ചി: കേരളം ലൗവ് ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നും മിലിന്ദ് പരാണ്ടെ പറഞ്ഞു. മധ്യപ്രദേശിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുസ് ലിം വിഭാഗത്തില്‍ പെട്ട യുവാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരികയും തുടര്‍ന്ന് കേരളത്തില്‍ ലഭിച്ച രാഷ്ട്രീയ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേത്രത്തില്‍ വെച്ച് നിയമവിരുദ്ധമായി വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിതമായ ഗുഢാലോചനയുണ്ട്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ഈ കൂട്ടിയെ രക്ഷിക്കുന്നതിന് പകരം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പോലിസും ഗുരുതരമായ കുറ്റകൃത്യത്തിന് കൂട്ടു നില്‍ക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ജനനം നടന്ന ആശുപത്രിയില്‍ ജനന സമയത്ത് തയ്യാറാക്കിയ രേഖയില്‍ ജനന തിയതി, സമയം, വര്‍ഷം, മാതാപിതാക്കളുടെ പേര് ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ഇതിനെ മറികടന്ന് വ്യാജ സത്യവാങ്മൂലം ഹാജരാക്കിയാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്ത് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയിരിക്കുന്നത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ഇവിടെ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുകയും തുടര്‍ന്ന് സര്‍ക്കാര്‍ അത് റദ്ദാക്കുകയും ചെയ്തത്.

വിഎച്ച്പി ഒരിക്കലും ആ പെണ്‍കുട്ടിക്ക് എതിരല്ല പക്ഷേ ആ പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാതെ കേരളത്തില്‍ എത്തിച്ച് വിവാഹം ചെയ്യാന്‍ തയ്യാറായതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള ശക്തമായ നടപടി വേണമെന്നും മിലിന്ദ് പരാണ്ടെ പറഞ്ഞു. വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രം ദുരുപയോഗം ചെയ്ത ചേര്‍ത്തലയിലെ മന്തിക്കടയുടെ നടപടി ഹൈന്ദവ വിശ്വാസികളെയാകെ മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്.

ഇതും മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നിസാര വകുപ്പ് മാത്രം ചുമത്തി കേസ് എടുക്കുകയും ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തവര്‍ക്ക് തലോടലും പ്രതിഷേധിച്ചവര്‍ക്ക് തല്ലും എന്നതാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്ന നടപടി. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ധൃതി പിടിപ്പിച്ച് നടപ്പിലാക്കിയത് മതപരിവര്‍ത്തന നടപടിയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണെന്നും ഇത് അപലപനീയമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു.

Leave a Reply