അമിത് ഷായുടെ മറുപടി 6ന്, ബില്ലിന്മേൽ വോട്ടെടുപ്പ് 7ന്; ഡൽഹിയിൽ നിർണായക ചർച്ചകൾ
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലും മണ്ഡല പുനർനിർണയ ബില്ലിന്മേലും നടന്ന ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈകീട്ട് ആറുമണിയോടെ ലോക്‌സഭയിൽ മറുപടി നൽകും. ബില്ലുകൾക്കുമേലുള്ള സർക്കാരിന്റെ അന്തിമ നിലപാടുകൾ അദ്ദേഹം ഔദ്യോഗികമായി സഭയെ അറിയിക്കും. ബില്ലുകൾക്കു മേലുള്ള ചർച്ചയിൽ അതിരൂക്ഷ വിമർശനമായിരുന്നു പ്രതിപക്ഷം ഇന്ന് ഉന്നയിച്ചത്. വൈകിട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടിനിട്ടേക്കുമെന്നാണ് വിവരം. അതേസമയം വോട്ടെടുപ്പിന് മുന്നോടിയായി നിർണായക നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്.
പാർലമെന്ററി കാര്യ കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായും കൂടിക്കാഴ്ച നടത്തി. ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും ഇല്ലാത്ത പശ്ചാത്തലത്തിൽ അവ വോട്ടെടുപ്പിൽ പരാജയപ്പെടാനാണ് സാധ്യത. ലോക്‌സഭയിൽ ബിൽ പാസാകാൻ 70 വോട്ടുകളുടെ കുറവാണ് സർക്കാരിനുള്ളത്.
വനിതാ സംവരണ ഭേദഗതി ബില്ലിന് വനിതാസംവരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തട്ടിയെടുത്ത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പുഭൂപടം മാറ്റിവരക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
