ഹിമാചലിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ധാരണയായി
കൊച്ചി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇടപെട്ട് കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായി. ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തമിഴ്നാടിന് നൽകുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് വൈദ്യുതി ലഭ്യമാക്കുക.
കേരളത്തിൽ വൈദ്യുതി ക്ഷാമവും പവർകട്ടും രൂക്ഷമായി തുടരുന്നതിനിടെ, അയൽസംസ്ഥാനമായ തമിഴ്നാട്ടിലും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനവ്യാപകമായി വൈദ്യുതി മുടക്കം രൂക്ഷമായതോടെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി പ്രകടിപ്പിച്ചു. വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കാണുന്നതിനിടെ വൈദ്യുതി ബന്ധം നിലച്ച സംഭവം വാർത്താ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തത് സർക്കാരിന് തിരിച്ചടിയായി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി.
