മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയത് കാരണം വ്യക്തമാക്കാതെയെന്ന് കെ സി വേണുഗോപാൽ
മധ്യപ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പത്രിക തള്ളിയത് വ്യക്തമായ കാരണങ്ങൾ ഇല്ലാതെയെന്നും ,ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു. ജനാധിപത്യത്തിൻറെ കൊലപാതകമാണ് സംഭവിച്ചത്. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഒരു അപേക്ഷ കൊടുക്കാൻ കുത്തിയിരിക്കേണ്ടിവന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കാണാൻ എത്തിയെങ്കിലും പൊലീസ് തടഞ്ഞിരുന്നു. തർക്കങ്ങൾക്കൊടുവിലാണ് അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. പ്രതിഷേധത്തിന് പിന്നാലെ നാളെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് അനുമതി ലഭിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഇലക്ഷൻ കമ്മീഷനുമായുള്ള കൂടിക്കാഴ്ച. കോൺഗ്രസിൽ നിന്നുള്ള മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മൂന്ന് രാജ്യസഭാ സീറ്റിലും ബിജെപിക്ക് ജയിക്കാനുള്ള സാധ്യതയാണുണ്ടായത്.
രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നിർത്തിയതാണ് കോൺഗ്രസ് ക്യാംപിൽ ആശങ്കയുണ്ടാക്കിയത്. ജൂൺ 18 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ നിലവിൽ 229 എംഎൽഎമാരാണുള്ളത്. ഭരണകക്ഷിയായ ബിജെപിക്ക് 164 എംഎൽഎമാരാണുള്ളത്. ഇതുപ്രകാരം രണ്ടു സീറ്റുകൾ അനായാസം വിജയിക്കാനാകും. എന്നാൽ മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തിയതോടെയാണ് മത്സരരംഗം മാറിയത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, പാർട്ടി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മഹേഷ് കേവത്തി എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ.
