തൃശൂരിൽ നിന്ന് ഫിഫ ലോകകപ്പിലേക്ക്; ഗ്ലോബൽ അക്കോമഡേഷൻ ടീമിൽ വർഗീസ് എടാട്ടുകാരൻ
തൃശൂർ: തൃശൂരിലെ മാള എന്ന ഗ്രാമത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക ഇവന്റായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തോളം വളര്‍ന്ന കഥയാണ് ഫിഫ ടൂര്‍ണമെന്റ്‌സ് ആന്‍ഡ് ഇവന്റ്‌സ് വിഭാഗത്തിലെ അക്കോമഡേഷന്‍ മാനേജരായ വര്‍ഗീസ് എടാട്ടുകാരന് പറയാനുള്ളത്. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് 2019ലാണ് ഗ്ലോബല്‍ അക്കോമഡേഷന്‍ മാനേജരായി വര്‍ഗീസ് ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഇങ്ങോട്ട് ലോകമെമ്പാടുമുള്ള ഫിഫയുടെ ഏറ്റവും അഭിമാനകരമായ ടൂര്‍ണമെന്റുകളില്‍ പ്രധാന സംഘാടന സാന്നിധ്യമായി അദ്ദേഹം മാറി. ഈ വര്‍ഷം ഫിഫ അണ്ടര്‍ 17 വനിത ലോകകപ്പിന്റെ ചുമതലയുമായി ഇന്ത്യയിലും എത്തിയിരുന്നു.
ഇന്ന്, കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഗ്ലോബല്‍ അക്കോമഡേഷന്‍ ടീമിന്റെ ഭാഗമായും അദ്ദേഹമുണ്ട്. വാന്‍കൂവര്‍ കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വിഐപി, ടീം ഹോട്ടലുകള്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ടീം ബേസ് ക്യാംപുകള്‍ ഉള്‍പ്പെടെ വിഐപി അക്കോമഡേഷന്‍ ചുമതല വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്.
2022ലെ ഖത്തല്‍ ലോകകപ്പ്, 2023ലെ ഫിഫ വനിതാ ലോകകപ്പ്, 2019ലെ ഫിഫ ക്ലബ്ബ് ലോകകപ്പ്, 2022ലെ ഫിഫ ക്ലബ് ലോകകപ്പ്, 2023ലെ ഫിഫ ക്ലബ്ബ് ലോകകപ്പ്, 2021ലെ ഫിഫ അറബ് കപ്പ്, 2024ലെ FIFA Futsal World Cup, 2026ലെ FIFA Futsal World Cup, 2026ലെ FIFA U-20 World Cup എന്നിവയാണ് വര്‍ഗീസിന്റെ സംഘാടനമറിഞ്ഞ പ്രധാന ടൂര്‍ണമെന്റുകള്‍. 2022ല്‍ നടന്ന FIFA U-17 Women’s World Cup ല്‍ പ്രൊജക്ട് ലീഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോട്ടല്‍ മേഖലയില്‍ ജോലിക്കായാണ് വര്‍ഗീസ് ദുബായിലെത്തിയത്. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ശേഷം തിരിച്ച് വീണ്ടും ദുബായിലേക്ക്. ശേഷം, എമിറേറ്റ്‌സ് ടൂര്‍സിന്റെ ജര്‍മന്‍ വകുപ്പില്‍ ജോലി നേടി. സ്വിറ്റ്‌സര്‍ലന്‍ഡുകാരിയായ സൂസനെ വിവാഹം ചെയ്തു. സ്വിസ് പൗരത്വം നേടി. ഒടുവില്‍ 2019ല്‍ ഫിഫയിലേക്കുള്ള വാതിലുകളും അദ്ദേഹത്തിന് മുന്നില്‍ തുറന്നു.
ലോകത്തെ ഏറ്റവും വലിയ കായികമേളയുടെ വിജയകരമായ നടത്തിപ്പിന് തന്റേതായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചത് അഭിമാനത്തോടെയാണ് വര്‍ഗീസ് കാണുന്നത്. ലോകമെമ്പാടുമുള്ള പ്രതിഭാധനരായ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ ചാരിതാര്‍ഥ്യവും അദ്ദേഹത്തിനുണ്ട്. തന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം ഭാര്യയും മക്കളായ ജാസ്മിന, മെലീന എന്നിവരും കാരണമാണെന്നും അദ്ദേഹം പറയുന്നു.
