ദക്ഷിണാഫ്രിക്കയെ കീഴടക്കി കാനഡ പ്രീ-ക്വാർട്ടറിൽ
ലോസ് ആഞ്ജലസ്: റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി കാനഡ. ഇതോടെ ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡയുടെ ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ് കാനഡ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലെത്തുന്നത്.
മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ കാനഡ ലീഡെടുക്കുകയായിരുന്നു. സ്റ്റീഫൻ എസ്റ്റക്വിയോയാണ് കാനഡയ്ക്കായി വലകുലുക്കിയത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിലേക്കു തിരിച്ചുവരാനായില്ല.
