NationalTrending News

അറസ്റ്റിന് കാരണം വ്യക്തമാക്കാതെ കസ്റ്റഡിയിലെടുക്കരുത്; സുപ്രീംകോടതിയുടെ നിർണായക നിർദേശം

ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കാരണം രേഖാമൂലം അറിയിക്കണമെന്നും, അറസ്റ്റിലായ വ്യക്തിക്ക് വ്യക്തമായി മനസിലാകുന്ന ഭാഷയിൽ തന്നെ അത് നൽകണമെന്നും സുപ്രീംകോടതി. ഭരണഘടനയുടെ 22(1) അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്ന് ജസ്റ്റിസ് ഉജ്വൽ ഭുയാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. അന്വേഷണ ഏജൻസികൾ ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ, അറസ്റ്റ് ചെയ്യുന്നതിനുള്ള കൃത്യമായ കാരണങ്ങൾ രേഖാമൂലം നൽകേണ്ടത് നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിന്റെ കാരണം ഏതെങ്കിലും ഒരു ഭാഷയിൽ രേഖപ്പെടുത്തി നൽകിയാൽ മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിലായ വ്യക്തിക്ക് കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയുന്ന ഭാഷയിലാണ് കാരണം വ്യക്തമാക്കേണ്ടത്. ഇതിലൂടെ തന്റെ അറസ്റ്റിന്റെ നിയമപരമായ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തിക്ക് ബോധ്യമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം അറിയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നിയമപരമായ സംരക്ഷണത്തിന്റെയും പ്രധാന ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ഈ നിർദേശം പാലിക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമായി കണക്കാക്കേണ്ടിവരുമെന്നും ബെഞ്ച് പറഞ്ഞു.

അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്നതിൽ അന്വേഷണ ഏജൻസികൾ വീഴ്ച വരുത്തുന്നത് വ്യക്തിയുടെ മൗലികാവകാശത്തെ ബാധിക്കുന്നതായിരിക്കും. അതിനാൽ കസ്റ്റഡിയിലെടുക്കുന്ന ഘട്ടത്തിൽ തന്നെ ആവശ്യമായ വിവരങ്ങൾ വ്യക്തിക്ക് ബോധ്യപ്പെടുന്ന രീതിയിൽ കൈമാറണമെന്ന് കോടതി നിർദേശിച്ചു.