മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ആഭ്യന്തരവകുപ്പാണ് നടപടിക്ക് നിർദേശം നൽകിയത്. യു. ഷറഫലി, സത്യപാലൻ എന്നിവരെയും കേസിൽ പ്രതികളാക്കും. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തന്നെ തുടർന്നും കേസ് അന്വേഷിക്കും. സ്പോൺസർക്ക് വഴിവിട്ട് സഹായം നൽകിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നുമാണ് കണ്ടെത്തൽ.
അതിനിടെ, മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ നികുതി വെട്ടിപ്പ് അന്വേഷണത്തിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് തിരിച്ചടി നേരിട്ടു. ജിഎസ്ടി ഇന്റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
സ്പോൺസർ മുഖേന അർജന്റീന ഫുട്ബോൾ അസോസിയേഷന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കൈമാറിയ 126 കോടി രൂപയിലാണ് ജിഎസ്ടി അന്വേഷണം. ഇതിൽ 26 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. രണ്ട് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ പണത്തിന്റെ ഉറവിടത്തിലും സംശയമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. കമ്പനിയുടെ ജിഎസ്ടി കണക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ അക്കൗണ്ടിലെത്തിയ പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
