Business

ഗ്ലോബൽ ഡിജിറ്റൽ ട്രാൻഫർമേഷൻ സമ്മിറ്റ് 24,25 ന്

കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സുപ്രധാന രാജ്യാന്തര ധാരണാപത്രങ്ങൾ ഒപ്പുവെക്കും. 24, 25 തീയതികളിൽ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും.

കൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്ക് സ്ഥാപിക്കുന്നതിന് കൊറിയ-ഇന്ത്യ കൗൺസിലുമായി ധാരണാപത്രം ഒപ്പിടും. കിർഗിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയവുമായും മ്യാൻമറിൽനിന്ന് അരിയും പയറുവർഗങ്ങളും ലഭ്യമാക്കുന്നതിന് ആസിയാൻ കൗൺസിലുമായും കരാറുകൾ കൈമാറും. ബ്ലൂ ക്ലൗഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ 11 രാജ്യങ്ങളിൽനിന്നായി 1,500ഓളം പ്രതിനിധികൾ പങ്കെടുക്കും.

മന്ത്രിമാർ, ഒൻപത് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ആഗോള സാങ്കേതികവിദ്യാ കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവരും ഉച്ചകോടിയുടെ ഭാഗമാകും. ഇന്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ക്ലൗഡ് സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിങ്, ഫിൻടെക്, ഹെൽത്ത്ടെക്, ഗ്രീൻ എനർജി തുടങ്ങിയ മേഖലകളിലെ സാധ്യതകൾ ചർച്ച ചെയ്യും. ആദ്യദിനം ഡിജിറ്റൽ പരിവർത്തനത്തിനും രണ്ടാംദിനം നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമാണ് പ്രാധാന്യം. പുതിയ നിക്ഷേപ പ്രഖ്യാപനങ്ങളും സ്റ്റാർട്ടപ്പ് അവാർഡുകളും അവസാനദിനം നടക്കും.

വിദ്യാഭ്യാസവും ഡിജിറ്റൽ സാക്ഷരതയുമുള്ള തൊഴിൽസേനയും വളരുന്ന സ്റ്റാർട്ടപ്പ് മേഖലയുമാണ് കേരളത്തിന്റെ നിക്ഷേപ സാധ്യതകളെന്ന് ബ്ലൂ ക്ലൗഡ് ഇ-കോം സ്ഥാപകൻ അലക്സ് ജോർജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സമ്മിറ്റിന്റെ ലോഗോയും പ്രകാശനം ചെയ്തു.