പിണറായിസം മാത്രമാണ് പാർട്ടിയിൽ; സിപിഎമ്മിൽനിന്ന് പടിയിറങ്ങി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ
തിരുവനന്തപുരം: സിപിഎമ്മിൽനിന്ന് അകന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്കും ആശയങ്ങൾക്കും സ്ഥാനമില്ലാതായെന്നും പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് പാർട്ടി ബന്ധം ഉപേക്ഷിച്ചത്. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിനയകുമാർ ഇത്തവണ അംഗത്വം പുതുക്കിയില്ല.
കുറേക്കാലമായി പാർട്ടിയിൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിരോധം തീർക്കുന്നതിൽ മാത്രമാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിനയകുമാർ വിമർശിച്ചു. പിണറായി വിജയൻ എന്നാൽ സിപിഎമ്മും സിപിഎം എന്നാൽ പിണറായി വിജയനുമാണെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ മാനേജിങ് ഡയറക്ടറായി വിനയകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിനയകുമാർ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
