Business

യോഗക്ഷേമം ലിമിറ്റഡ് ഏറ്റെടുത്ത് ടാറ്റ ക്യാപിറ്റൽ സ്വർണ വായ്പ രംഗത്തേക്ക്

കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ പ്രമുഖ ധനകാര്യ സേവന സ്‌ഥാപനമായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് (ടിസിഎൽ) സ്വർണ വായ്പ രംഗത്തേക്ക്. കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്‌ഥാപനമായ യോഗക്ഷേമം ലാൻസ് ലിമിറ്റഡിനെ ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തു. ഇതിലൂടെ ടാറ്റ ക്യാപിറ്റൽ സംസ്‌ഥാനത്തെ സ്വർണ വായ്പ ബിസിനസിലേക്ക് പ്രവേശിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള യോഗക്ഷേമത്തിന്‍റെ നാല് സംസ്‌ഥാനങ്ങളിലെ ശാഖാ ശൃംഖലയിലേക്കാണ് ടാറ്റ ക്യാപിറ്റൽ പ്രവേശിച്ചത്. കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്‌ഥാനങ്ങളിലായി 162 ശാഖകളുള്ള യോഗ് ലോൺസിന്‍റെ മാനേജ്‌മന്‍റിലുള്ള ആസ്തികൾ 700 കൊടിയിലധികമാണ്. ഏകദേശം 32,000 സ്വർണ വായ്പാ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.


നിലവിലെ ധാരണ പ്രകാരം ടാറ്റ ക്യാപിറ്റൽ യോഗ ലോൺസിലേക്ക് 93 കോടിയോളം രൂപ മൂലധന നിക്ഷേപം നടത്തും. ഇതിനു പുറമെ നിലവിലെ ഓഹരി ഉടമകളിൽ നിന്ന് വില കൊടുത്ത് ഓഹരികൾ വാങ്ങും. ടാറ്റ ക്യാപിറ്റൽസിനു യോഗ് ലോണിന്‍റെ 88.5ശതമാനം ഓഹരിഉടമസ്‌ഥാവകാശം കൈവരും. യോഗ ലോൺസിന് ഏകദേശം 320 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. അനുയോജ്യമായ സമയത്ത് ഇരു കമ്പനികളും തമ്മിൽ ലയിപ്പിക്കുന്നത് പരിഗണിക്കുമെന്ന് യോഗ് ലോൺസ് എം ഡിയും സിഇഒ യുമായ ഐ ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യോഗ് ലോൺസ് ഇൻഡിപെൻഡന്‍റ് ഡയറക്ടർ സന്തോഷ് കുറുപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും കമ്പനി സെക്രട്ടറിയുമായ കെ രാജേഷ്‌കുമാർ, വൈസ് പ്രസിഡൻ്റും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ പി പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.