KeralaTrending News

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണച്ചുമതല. അതേസമയം, സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേറ്റശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പുനരന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. തുടർന്നാണ് അജിത് കുമാറിനെ ജൂലൈയിൽ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 120 ദിവസം പിന്നിട്ടതിനു പിന്നാലെ ഒക്ടോബറിൽ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അട്ടിമറി നടന്നെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് മുൻ അന്വേഷണസംഘം എസ്‌ഐടിക്ക് മൊഴി നൽകിയത്.

അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും രേഖകളിൽ കൃത്രിമം നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നുമാണ് വെളിപ്പെടുത്തൽ. എസ്‌ഐടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടികൾ വൈകി. പ്രതിഷേധം ശക്തമായതോടെ ആഭ്യന്തരവകുപ്പ് ഇടപെട്ട് ഡിജിപിയോട് റിപ്പോർട്ട് തേടി. തുടർന്ന് നിയമോപദേശം തേടുകയും അജിത് കുമാറിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് നടപടിയുണ്ടായത്.