ഇഡിയുടെ ആരോപണങ്ങളിൽ വ്യക്തത വേണം; കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു: പിണറായി വിജയൻ
കണ്ണൂർ: എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി കേസിൽ കേസെടുക്കണമെന്ന ഇഡിയുടെ ശുപാർശയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
എക്‌സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, തനിക്കുള്ള കൈക്കൂലിയാണെന്നാണ് ഇഡി ഇപ്പോൾ പറയുന്നത്. എന്നാൽ, സിഎംആർഎല്ലിന് സേവനം ലഭിക്കാതെയാണ് എക്‌സാലോജിക് പണം കൈപ്പറ്റിയതെന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇരു അന്വേഷണ ഏജൻസികളുടെയും ആരോപണങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും ഇഡി ഏത് നിലപാടിലാണ് ഉറച്ചുനിൽക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
എന്ത് അടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അത് ഉടൻ പുറത്തുവരില്ല. പിന്നെ എങ്ങനെയാണ് കത്ത് പുറത്തുവന്നതെന്ന് വ്യക്തമാക്കണം. ഇഡി തന്നെയാണ് ഇത്തരം കാര്യങ്ങൾ പുറത്തുവിടുന്നതെന്നും തനിക്ക് ഇതുവരെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി കേന്ദ്ര ഏജൻസികളുടെ ഇടപെടൽ മാറുന്നുണ്ടോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
‘വീണ എല്ലാം സമ്മതിച്ചെന്നത് പച്ചക്കള്ളം’
നിയമനടപടികളുടെ ഭാഗമായി വീണ വിജയൻ ഉൾപ്പെടെയുള്ളവർ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ, മറുപടികളോ വസ്തുതകളോ അംഗീകരിക്കുകയല്ല അന്വേഷണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവരുടെ ലക്ഷ്യമെന്ന് പിണറായി ആരോപിച്ചു. വീണ എല്ലാം സമ്മതിച്ചെന്ന പ്രചാരണം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും ഇത്തരം നിരവധി സാഹചര്യങ്ങൾ നേരിട്ടവരാണ് തങ്ങളെന്നും പിണറായി വ്യക്തമാക്കി. ഇപ്പോഴത്തെ വിവാദത്തിൽ വലതുപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ കണ്ട് തങ്ങൾ ഞെട്ടിപ്പോകുമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി വിഷയത്തിൽ സിപിഐയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പിണറായി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇഡിയെക്കുറിച്ച് നിലപാടുകളുണ്ട്. അതിൽ വ്യത്യാസമുണ്ടോയെന്ന് ബന്ധപ്പെട്ടവർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
