ഇസ്രയേലിൽ അധികാരമാറ്റത്തിന് നീക്കം; ഗാദി ഐസൻകോട്ടിന് 67 പേരുടെ പിന്തുണ
ജെറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന് പ്രധാനമന്ത്രിയാകാൻ 120 അംഗ പാർലമെന്റിൽ 67 പേരുടെ പിന്തുണ ലഭിച്ചതായി പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഞായറാഴ്ച ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് സൂചന.
പാർട്ടി നേതാക്കളുമായുള്ള കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമെന്ന് ഹെർസോഗ് വ്യക്തമാക്കി. നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം 48 സീറ്റുകളും നേടിയിരുന്നു. അറബ് പാർട്ടികൾക്ക് 19 സീറ്റുകളാണ് ലഭിച്ചത്. നവംബർ പത്തിനാണ് പുതിയ ഇസ്രയേൽ പാർലമെന്റ് ചുമതലയേൽക്കുന്നത്.
ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അറബ് പാർട്ടികൾ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി നടത്തുന്ന ചർച്ചയിൽ ഐസൻകോട്ടിന്റെ പേര് നിർദേശിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അറബ് പാർട്ടികളുടെ പിന്തുണയാണ് സർക്കാർ രൂപീകരണ നീക്കത്തിൽ നിർണായകമായിരിക്കുന്നത്.
