സമാധാന കരാറായില്ലെങ്കിൽ ഇറാനെതിരെ വീണ്ടും ആക്രമണം; മുന്നറിയിപ്പുമായി ട്രംപ്
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിലെത്തിയില്ലെങ്കിൽ നാളെ തന്നെ ഇറാനെതിരെ ആക്രമണം നടത്തിയേക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ‘എപ്പിക് ഫ്യൂറി’ എന്ന പേരിൽ മറ്റൊരു ആക്രമണം കൂടി നടത്തുകയോ ഇറാൻ കരാറിന് തയ്യാറാകുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിപൂർവം ചിന്തിക്കുന്നവരാണെങ്കിൽ ഇറാൻ ചർച്ചകൾക്ക് മുന്നോട്ടുവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു. അമേരിക്ക ഭീരുത്വം കാണിക്കുകയാണെന്നും എല്ലാം തകർക്കുന്നത് അവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
