KeralaTrending News

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

കൽപ്പറ്റ: വീട്ടിൽ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വൈകിട്ട് നാലിനാണ് പരിഗണിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷ നൽകിയത്. വീട് തന്റെ പേരിലല്ലെന്നും കേസ് നിലനിൽക്കുന്ന സ്വത്താണെന്നും അദ്ദേഹം വാദിച്ചു. കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ വീടുമായി ബന്ധപ്പെട്ട് തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അന്വേഷണത്തിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടികൂടിയിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്. അതേസമയം, പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും വീട്ടിൽ നിർമിച്ച വൈനാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. ശാസ്ത്രീയ പരിശോധന നടത്താതെയാണ് മദ്യത്തെ വ്യാജമദ്യമെന്ന് വിശേഷിപ്പിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.