Event More NewsTravel

ചരിത്രത്തിലെ ഏറ്റവും വലിയ കേരള ട്രാവല്‍ മാര്‍ട്ട് 24ന് ആരംഭിക്കും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) റെക്കോര്‍ഡ് രജിസ്ട്രേഷനുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ട്ടായി മാറും. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന്‍ 3000 കടന്നു. സെപ്റ്റംബർ 24-ന് വൈകിട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ മാര്‍ട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി
പി.സി വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങില്‍ എക്സൈസ്-സഹകരണ മന്ത്രി എം. ലിജു മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍1 00 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഷം തോറും 20 ടൂറിസം ഡെസ്റ്റിനേഷനുകളാണ് വികസിപ്പിക്കുന്നത്. ടൂറിസം വ്യവസായപങ്കാളികളുമായി സഹകരിച്ചാണ് പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നടത്തും. ഫോര്‍ട്ട്കൊച്ചിയില്‍ മാത്രം 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത ബയര്‍മാരില്‍ 1,500 ഓളം പേര്‍ നേരിട്ടെത്തുമെന്ന സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഇതിൽ 1,200 പേർ ഹോസ്റ്റഡ് ബയർമാരും 300 പേർ നോൺ ഹോസ്റ്റഡ് ബയർമാരുമാണ്. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 383 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാര്‍ട്ടിലുണ്ടാകും. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി ഇതിനകം 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപ-വാണിജ്യ സാധ്യതകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും മന്ത്രി തുടർന്ന് പറഞ്ഞു.

ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍ ഐഎഎസ്, കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റ് ബേബി മാത്യൂ, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ടി.എം പ്രദര്‍ശന സ്ഥലങ്ങളായ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ച മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി.
ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആകെ 138 മാധ്യമ പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 71 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും 67 ദേശീയ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമപ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുൻപായിത്തന്നെ നടത്തുന്നതായിരിക്കും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷൻ, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുക.