Business

ഒബെന്‍ ഇലട്രിക് കേരളത്തില്‍ ശക്തമായ വിപുലീകരണം ലക്ഷ്യമിടുന്നു

കൊച്ചി: ഇന്ത്യയിലെ അതിവേഗത്തില്‍ വളരുന്ന ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെയുള്ള വൈദ്യുത മോട്ടര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഒബെന്‍ ഇലട്രിക് കേരളത്തിലെ സാന്നിധ്യം ഗണ്യമായ രീതിയില്‍ വിപുലീകരിക്കും. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്തെ 14 ജില്ലകളിലും ഒബെന്‍ ഇലട്രികിന്റെ സാന്നിധ്യം ഉറപ്പാക്കും വിധം പത്തു പുതിയ ഷോറൂമുകളായിരിക്കും കമ്പനി ആരംഭിക്കുക. വൈദ്യുത മോട്ടോര്‍ സൈക്കിളുകളുടെ മേഖലയെ ശക്തിപ്പെടുത്തും വിധം വില്പനാന്തര സേവനങ്ങള്‍, ഉപഭോക്തൃ സേവന സംവിധാനങ്ങള്‍ തുടങ്ങിയവ കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വൈദ്യുത വാഹന വിപണികളിലൊന്നായ കേരളത്തില്‍ നീക്കങ്ങള്‍ നടത്തും.


പുതുതായി പുറത്തിറക്കിയ ഒബെന്‍ റോര്‍ ഇവോയ്ക്ക് ദേശീയ തലത്തില്‍ ലഭിച്ച ശക്തമായ ഡിമാന്റിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 2026 ഏപ്രില്‍ 30-ന് പുറത്തിറക്കിയ ഇതിന് വെറും 15 ദിവസങ്ങള്‍ക്കുള്ളില്‍ 25,000 എന്ന റെക്കോര്‍ഡ് ബുക്കിങാണ് ലഭിച്ചത്. ഇന്ത്യയില്‍ വൈദ്യുത മോട്ടോര്‍ സൈക്കിളുകള്‍ക്കു ലഭിച്ച ഏറ്റവും വേഗത്തിലുള്ള ഡിമാന്റ് വര്‍ധനവുകളില്‍ ഒന്നാണിത്. മോട്ടോര്‍ സൈക്കിളുകളുടെ ഡെലിവറി ജൂണ്‍ മാസത്തില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. പ്രാരംഭ അവതരണ വിലയായ 99,999 രൂപയ്ക്ക് (എക്‌സ് ഷോറൂം വില) ഇതു സ്വന്തമാക്കാന്‍ വഴിയൊരുക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് പോര്‍ട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമാണ്.


കേരളത്തിലെ വിപണി വിപുലീകരണത്തിന്റെ ഭാഗമായി ഒബെന്‍ ഇലട്രിക് തങ്ങളുടെ ഒബെന്‍ റോര്‍ ഇവോ ഇന്നു കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കൊണ്ടോട്ടി, ആലപ്പുഴ എന്നിവിടങ്ങളിലായി ഏഴു ഷോറൂമുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഉയര്‍ന്ന ശേഷിയുള്ള വൈദ്യുത മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള ആവശ്യം ഉയര്‍ന്നു വരുന്നതും സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിലെ വര്‍ധനവും കേരളത്തെ ഒബെന്‍ ഇലട്രിക്‌സിന്റെ ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വെക്കുന്ന വിപണികളിലൊന്നായി തുടരാന്‍ പിന്തുണക്കുകയാണ്. വാഹന്‍ സിവൈ 25 രജിസ്‌ട്രേഷന്‍ ഡാറ്റ അനുസരിച്ച് വൈദ്യുത മോട്ടോര്‍ സൈക്കിളുകളുടെ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ കേരളത്തില്‍ ഒബെന്‍ ഇലട്രിക് ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ വൈദ്യുത ഇരുചക്ര വാഹന വിപണിയിലെ കമ്പനിയുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന മേധാവിത്തമാണിതു കാണിക്കുന്നത്.


ദൈനംദിന ഉപയോഗത്തിനായി നിര്‍മിക്കപ്പെട്ട പ്രായോഗികവും വിശ്വസനീയവുമായ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുത മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ ശക്തമായ മുന്‍ഗണന കാണിക്കുന്നതിന്റെ ഫലമായി കേരളം തങ്ങളുടെ ഏറ്റവും ശക്തമായ വിപണിയായി വളര്‍ന്നിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഒബെന്‍ ഇലട്രിക് സ്ഥാപകനും സിഇഒയുമായ മധുമിത്ര അഗ്രവാള്‍ പറഞ്ഞു. തികച്ചും പ്രോല്‍സാഹനജനകമായ പ്രതികരണമാണ് റോര്‍ ഇവോയ്ക്ക് ലഭിച്ചത്. വിപണിയുടെ ദീര്‍ഘകാല സാധ്യതകള്‍ സംബന്ധിച്ച തങ്ങളുടെ ആത്മവിശ്വാസം കൂടുതല്‍ ശക്തമാക്കുന്ന വിധത്തിലാണിത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമെന്ന രീതിയിലെ തങ്ങളുടെ വിപുലീകരണ പദ്ധതി അനുസരിച്ച് ഒബെന്‍ വാങ്ങുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഒബെൻ ഇലക്ടിക്ക് വൈസ് പ്രസിഡൻ്റ് സെയിൽസ് ഹർഷവർധൻ പറഞ്ഞു. വിപുലമായ റീട്ടെയില്‍ സേവനങ്ങളും വില്പനാനന്തര സേവനങ്ങളും ശക്തമായ സര്‍വ്വീസ് ശൃംഖലയും ഇതിലൂടെ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ആദ്യ പതിനായിരം ഉപഭോക്താക്കള്‍ക്ക് 99,999 രൂപയെന്ന എക്‌സ് ഷോറൂം വിലയും തുടര്‍ന്ന് 1,24,999 രൂപ എന്ന എക്‌സ് ഷോറൂം വിലയുമായിരിക്കും പുതുതായി പുറത്തിറക്കുന്ന റോര്‍ ഇവോയ്ക്ക് ഉള്ളതെന്ന് ഒബെന്‍ ഇലട്രിക്കിന്റെ വൈസ് പ്രസിഡൻ്റ് മാർക്കറ്റിംഗ് അനൂപ് ഓലി പറഞ്ഞു. ഐപിഎംഎസ്എം മോട്ടോറുമായി 9 കിലോവാട്ട് പീക്ക് പവര്‍ ശക്തിയായിരിക്കും ഈ മോട്ടോര്‍ സൈക്കിളിനുണ്ടാകുക. ഹെവി റെയര്‍ എര്‍ത്ത് ഫ്രീ മോട്ടോറുമായി ഇതിന്റെ മുന്‍ഗാമിയേക്കാള്‍ 40 ശതമാനം ഒതുക്കത്തോടെയാണിതു വരുന്നത്. അതോടൊപ്പം 20 ശതമാനം കൂടുതല്‍ ശക്തിയും 250 എന്‍എ വീല്‍ ടോര്‍ക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
3.4 കെവിഎച്ച് എല്‍എഫ്പി ബാറ്ററിയുമായി 180 കിലോമീറ്റര്‍ റേഞ്ചാവും ഇതു നല്‍കുക. പൂജ്യം കിലോമീറ്ററില്‍ നിന്നു മൂന്നു സെക്കന്റില്‍ 40 കിലോമീറ്ററിലേക്ക് ആക്‌സിലറേഷന്‍ ലഭ്യമാക്കുന്ന ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണ്.


എട്ടു വര്‍ഷം ബാറ്ററി വാറണ്ടിയുള്ള ഇത് 90 മിനിറ്റില്‍ 80 ശതമാനം അതിവേഗ ചാര്‍ജിങ് സംവിധാനവുമുള്ളതാണ്. ദൈനംദിന പ്രായോഗിക ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇത് ഈ വിഭാഗം മോട്ടോര്‍ സൈക്കിളുകള്‍ക്കിടയിലെ ഏറ്റവും നീളമുള്ള സീറ്റും പത്തു ലിറ്റര്‍ സ്റ്റോറേജുമായാണ് എത്തുന്നത്. ഒബെന്‍ ഇലട്രികിന്റെ എഐ പിന്തുണയുള്ള റൈഡ് ഓപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയായ സ്മാര്‍ട്ട് ഐക്യുവും ഇതോടൊപ്പമുളളത് റേഞ്ച് 15 ശതമാനം വരെ വര്‍ധിപ്പിക്കാനും സഹായകമാകും.
അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലെ, ഒടിഎ അപ്‌ഡേറ്റുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ജിയോ ഫെന്‍സിങ്, റിമോട്ട് ഇമ്മൊബലൈസേഷന്‍ വാഹനം വീഴുകയാണെങ്കില്‍ അറിയാനും അടിയന്തര എസ്ഒഎസ് നല്‍കാനുമുള്ള ഒബന്റെ ആര്‍ഗസ് കണക്ടഡ് സാങ്കേതികവിദ്യാ സംവിധാനം തുടങ്ങിയ അധിക സവിശേഷതകളും ഇതിലുണ്ട്.