NationalTrending News

യുപിയിൽ കോൺഗ്രസ്–എസ്പി സഖ്യചർച്ച സജീവം; മണ്ഡലങ്ങൾക്കായി ഇരു പാർട്ടികളും അവകാശവാദമുന്നയിച്ചു

ഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായി. കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഇരുപാർട്ടികളിലെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വിജയസാധ്യത മുൻനിർത്തിയുള്ള മണ്ഡലങ്ങളുടെ പട്ടിക ഇരുപക്ഷവും ചർച്ചയിൽ അവതരിപ്പിച്ചു.

സമാജ്‌വാദി പാർട്ടിക്ക് സ്വാധീനം കുറവുള്ള ബുന്ദേൽഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലകളിലെ മണ്ഡലങ്ങളിലാണ് കോൺഗ്രസ് കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നേരത്തെ 181 സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന കോൺഗ്രസ്, ഇപ്പോൾ വിജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് മുൻഗണന നൽകുന്ന നിലപാടിലേക്കാണ് നീങ്ങുന്നത്. 65 എ ഗ്രേഡ് മണ്ഡലങ്ങളും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാൻ സാധ്യതയുള്ള 45 സീറ്റുകളും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ഏകദേശം 50 സീറ്റുകൾ നൽകാമെന്നാണ് സമാജ്‌വാദി പാർട്ടിയുടെ നിലപാട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇരുപാർട്ടികളുടെയും വിജയശതമാനവും ചർച്ചകളിൽ പരിഗണിക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയുടെ നാലംഗ സംഘത്തിന് ദേശീയ ചീഫ് ജനറൽ സെക്രട്ടറി രാംഗോപാൽ യാദവും കോൺഗ്രസ് സംഘത്തിന് ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്രപാൽ ഗൗതവും നേതൃത്വം നൽകുന്നു. ഇമ്രാൻ മസൂദും കോൺഗ്രസ് സംഘത്തിലുണ്ട്. ചർച്ചകൾ നാളെയും തുടരും.

അതേസമയം, ഫോം ആറ് ഉപയോഗിച്ച് വീടുകൾ കയറിയിറങ്ങി പുതിയ വോട്ടർമാരെ കണ്ടെത്താൻ ബിജെപി സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. ഓരോ മണ്ഡലത്തിലും 15,000ത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുകയാണ് ലക്ഷ്യം. 1.27 കോടി ഹിന്ദു വോട്ടർമാർ പുറത്തായെന്ന യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾക്കിടെയാണ് ബിജെപിയുടെ നീക്കം.