ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം
തിരുവനന്തപുരം: ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം കണ്ടെത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണവുമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം. കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരാതിക്കാരിയെ സന്ദർശിക്കും. പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിൽനിന്ന് ചികിത്സാ രേഖകളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. ഓൺലൈനിലൂടെ വാങ്ങിയ ക്രീമിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും. അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപീകരിക്കുന്നതും പരിഗണനയിലാണ്. ഓൺലൈൻ വഴിയുള്ള വ്യാജ ഉൽപ്പന്ന വിൽപ്പന തടയുന്നതിനൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധന വ്യാപിപ്പിക്കും.
അതേസമയം, എഫ് ട്യൂൺ ക്രീം ഉപയോഗിച്ച പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. നീതി തേടി കൺസ്യൂമർ കോടതിയെ സമീപിക്കാനും പരാതിക്കാരി ഒരുങ്ങുകയാണ്. പൊതുപ്രവർത്തകൻ എം.ടി. മുർഷിദ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ക്രീം പ്രമോട്ട് ചെയ്തതിൽ തെറ്റ് സംഭവിച്ചെന്ന് നടി റെനീഷ റഹ്മാനും സമ്മതിച്ചു.
