രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ; രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറായി
തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കി. രണ്ട് കേസുകളിലാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിയമോപദേശം തേടിയ ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതിനെ തുടർന്ന് എസ്ഐടി ചുമതലയിൽനിന്ന് ജി. പൂങ്കുഴലി ഒഴിഞ്ഞിരുന്നു. എന്നാൽ കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒരു കേസ്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ബംഗളൂരുവിൽ പഠിക്കുന്ന മറ്റൊരു യുവതിയെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളിലെയും അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.
