മെസ്സി തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിയാക്കാൻ നീക്കം, നടപടി വേഗത്തിലാക്കാൻ ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തരവകുപ്പ്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രത്യേക അന്വേഷണസംഘം (SIT) ഉടൻ പ്രതി ചേർത്തേക്കും. ഇതിന് പിന്നാലെ ഇവരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്കും അന്വേഷണസംഘം കടക്കുമെന്നാണ് സൂചന.
പുറത്തിറങ്ങിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാകും കേസിൽ പ്രതി ചേർക്കുക. കേസുമായി ബന്ധപ്പെട്ട് എസ്ഐടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടർനടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ആരോപണങ്ങളുമായി ബന്ധപ്പെട്ടവരുടെ പങ്ക് പരിശോധിക്കുന്നതിനുമായി മൂന്ന് പേരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം തന്നെയാകും തുടർന്നും കേസ് അന്വേഷിക്കുക. പുതിയ ഉത്തരവിന് പിന്നാലെ കേസിലെ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
