യുപിഐ വഴിയുള്ള പണമയയ്ക്കൽ തുടർന്നും സൗജന്യം; നയമാറ്റങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രം
ന്യൂ ഡെൽഹി: യുപിഐ പണമിടപാടുകളുമായി ബന്ധപ്പെട്ട നയങ്ങളിലെ മാറ്റങ്ങളില്‍ വ്യക്തത വരുത്തി ധനമന്ത്രാലയം. യുപിഐ സേവനങ്ങള്‍ പൗരന്മാര്‍ക്ക് തുടര്‍ന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല. ഭാവിയില്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന എംഡിആര്‍ നിരക്കുകള്‍ നാമമാത്രവും ചില വ്യാപാരികള്‍ക്ക് മാത്രം ബാധകമാകുന്നതുമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നയമാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദമില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കുക എന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മെര്‍ചന്റ് ഡിസ്‌കൗണ്‍് റേറ്റ് (എംഡിആര്‍) ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ക്ക് മാത്രമാണ് ബാധകം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് സാധാരണ വരുന്ന എംഡിആറിനേക്കാള്‍ കുറവാകും ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
യുപിഐ ഇടപാടുകള്‍ വ്യാപകമാകുന്നതോടെ സൈബര്‍ സുരക്ഷാ രംഗത്ത് ഉള്‍പ്പെടെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് എംഡിആര്‍ വാങ്ങാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തുക വ്യാപാരികളില്‍ വല്ലാതെ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്നതാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
