SportsTrending News

എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ 2-0 ജയം; എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍

സ്പെയിൻ: എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കറ്റാലന്‍ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ അടയാളമായ ക്യാമ്പ് നൗവില്‍ ചിരവൈരികളെ കീഴടക്കിയാണ് ലാ ലീഗ കിരീടധാരണം.

ഒമ്പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് റയല്‍ ഗോള്‍ കീപ്പര്‍ തിബോ കോര്‍ത്വായെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. 10 മിനിറ്റിനപ്പുറം ഫെറാന്‍ ടോറസിലൂടെ രണ്ടാം ഗോളും നേടി.

ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സയുടെയും തിരിച്ചടിക്കാനുള്ള റയല്‍ മാഡ്രിഡിന്റെയും ശ്രമങ്ങള്‍ ലക്ഷ്യം കാണാതായതോടെ കളി 2-0 ല്‍ തീര്‍ന്നു. അച്ഛന്റെ വിയോഗത്തിന്റെ ഇടയിലും ടീമിന് ഒപ്പം തുടരാന്‍ തീരുമാനിച്ച കോച്ച് ഹാന്‍സി ഫ്‌ലിക്കിനുള്ള ആദരം കൂടിയായിരുന്നു ബാഴ്‌സക്ക് 29ാം ലാലീഗ കിരീടം.