KeralaTrending News

മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ തര്‍ക്കം, നിലപാടിൽ ഉറച്ച് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യമെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറയുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എതിര്‍പ്പ് അറിയിച്ചേക്കും. ദീര്‍ഘകാലമായി മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കാറുണ്ടെങ്കിലും മാത്യു കുഴല്‍നാടന്‍ ഇതുവരെ പൊതുവേദിയില്‍ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയില്‍ എത്തിയപ്പോഴാണ് മാത്യു കുഴല്‍നാടന്‍ തന്‍റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ മറുപടിയും അനുകൂലമായതോടെ ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎല്‍എ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത്, സംസ്ഥാനത്ത് അടുത്തൊരു ജില്ല ഉണ്ടാകുകയാണെങ്കില്‍ അത് മൂവാറ്റുപുഴ ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി മൂവാറ്റുപുഴയിലെത്തി ജില്ലാ രൂപീകരണം സംബന്ധിച്ച് പരസ്യമായി ഉറപ്പു നല്‍കിയത് പ്രദേശവാസികളില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.