Event More News

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ സ്വന്തം തട്ടകത്തിൽ

കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ച പത്തൊൻപതുകാരി കെസിയ ലിസ് മെജോയ്ക്ക് സ്വന്തം തട്ടകത്തിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകി. ചരിത്രവിജയത്തിനു ശേഷം കൊച്ചിയിലെത്തിയ കെസിയയെ ആദരിക്കുന്നതിനായി കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ പ്രൗഢഗംഭീരമായ ‘ഹോം കമിംഗ്’ വാർത്താസമ്മേളനം സംഘടിപ്പിച്ചു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന സുവർണ്ണ നേട്ടവുമായാണ് മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.


ദി ഗ്ലമാനന്ദ് ഗ്രൂപ്പ് ജയ്പൂരിൽ സംഘടിപ്പിച്ച ദേശീയ ഫിനാലെയിൽ, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 52 കരുത്തുറ്റ മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ രണ്ടാം വർഷ നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യറാണിയായത്. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാകയേന്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കെസിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷനും സ്റ്റേറ്റ് ഡയറക്ടർ അർച്ചന രവിക്കും കെസിയ വാർത്താ സമ്മേളനത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.


2020-ൽ മിസ് യൂണിവേഴ്സ് ഇന്ത്യ ടോപ്പ് 10-ൽ ഇടംനേടിയ അർച്ചനയുടെ കൃത്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളുമാണ് കെസിയയെ ദേശീയ കിരീടത്തിലേക്ക് നയിച്ചത്.
17-ാം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടവും, തുടർന്ന് 2025-ൽ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവിയും നേടിയ കെസിയയുടെ അനുഭവസമ്പത്താണ് ഇപ്പോൾ ദേശീയ കിരീടമായി മാറിയത്. മിസ് യൂണിവേഴ്സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി കൂടിയായിരുന്നു ഈ പ്രതിഭ.

സൗന്ദര്യമത്സരങ്ങളിലെ ബിക്കിനി റൗണ്ടുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെസിയ വാർത്താസമ്മേളനത്തിൽ വ്യക്തമായ നിലപാട് അറിയിച്ചു.
നമ്മൾ ഇന്ത്യക്കാർക്കിടയിൽ എപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുള്ള ഒന്നാണ് ബിക്കിനി മത്സരം. എന്നാൽ, അത് സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗവും ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നാണ് എന്റെ അഭിപ്രായം. ധരിക്കുന്ന വസ്ത്രത്തിനപ്പുറം, വ്യക്തിപരമായ ശാക്തീകരണത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രകടനമാണെന്നും കെസിയ പറഞ്ഞു.

പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് വേദിയിൽ എന്റെ കേരളത്തെയും, എന്റെ ഇന്ത്യയെയും പ്രതിനിധീകരിക്കാൻ ഞാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ പിന്തുണ പോലെ, ആ വലിയ വേദിയിലും എന്റെ പ്രിയപ്പെട്ട മലയാളികളുടെ പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്ന് താരം അഭ്യർത്ഥിച്ചു. മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും, സുജ മെജോയുടെയും മകളാണ് കെസിയ.