തിരുവനന്തപുരം കോര്‍പറേഷനില്‍ കൂട്ടത്തല്ല് ; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം: കോര്പറേഷൻ കൗൺസിലിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി. കാപ്പാ കേസ് പ്രതിയായ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും എത്തിയതോടെയാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജണ്ടകൾ മുഴുവൻ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചതായി മേയർ വി.വി.രാജേഷ് പറഞ്ഞു. പിന്നാലെ ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കൗൺസിലർമാരുടെ ഹാജർ രജിസ്റ്റർ കൈക്കലാക്കാൻ ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത പിടിവലിയുണ്ടായി.
ഇതിനിടെ രജിസ്റ്റർ കീറിയെറിയാനും ശ്രമുണ്ടായി. കൗൺസിൽ ഹാളിനുള്ളിലെ സംഘർഷം കോർപറേഷൻ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.
ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും രേഖകൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. ബിജെപി അംഗങ്ങൾ ഹാജർ ബുക്ക് പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്.
