സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല: കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയത്ത് മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയൽ ടൈം മാർക്കറ്റിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ട്. ഇതോടെയാണ് നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം, പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിലായിരുന്നു.
ഊർജിതമായ ഇടപെടലിന്റെ ഭാഗമായി ആന്ധ്രാപ്രദേശിൽ നിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കിയിരുന്നു. കൂടാതെ, മധ്യപ്രദേശുമായുള്ള സ്വാപ്പ് കരാർ പ്രകാരം പീക്ക് സമയത്ത് 200 മെഗാവാട്ടും ലഭിച്ചു. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി വിവിധ മാർഗങ്ങളിലൂടെ നടത്തിയ ഇടപെടലുകളാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി.
