സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുതിപ്പ്; പവന് ഇന്ന് 920 രൂപ കൂടി
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,715 രൂപയും പവന്റേത് 93,720 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 1,920 രൂപയും പവന് 15,360 രൂപയും കുറഞ്ഞ ശേഷമാണ് വില തിരിച്ചുകയറുന്നത്. തിങ്കളാഴ്ച ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് ഈ മുന്നേറ്റം.
വൻ ഇടിവുണ്ടായ വ്യാഴാഴ്ച ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച വീണ്ടും ഗ്രാമിന് 470 രൂപയും പവന് 3,760 രൂപയും ഇടിഞ്ഞു. ശനിയാഴ്ചയും നേരിയ കുറവുണ്ടായി. ഈ വർഷം രണ്ടാം തവണയാണ് പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. മാർച്ച് 23ന് പവന് 99,480 രൂപയിലേക്ക് വില താഴ്ന്നിരുന്നു.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മുന്നേറ്റവും ആഭ്യന്തര വിലയിൽ പ്രതിഫലിക്കുന്നുണ്ട്. തിങ്കളാഴ്ച 2.7 ശതമാനം ഉയർന്ന രാജ്യാന്തര സ്വർണവില ഇന്ന് 3.2 ശതമാനം നേട്ടത്തോടെ ഔൺസിന് 3,654 ഡോളറിലെത്തി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയാണ്.
