KeralaTrending News

ഏകോപനമില്ല, അർഹമായ പരിഗണനയുമില്ല: പരാതികളുമായി എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിന് മുന്നിൽ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ പരാതിയുമായി എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവർ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി അതൃപ്തി അറിയിച്ചു.

പാർട്ടിയിലും സർക്കാരിലും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് നേതാക്കളുടെ പ്രധാന പരാതി. സർക്കാരും പാർട്ടിയും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും സുപ്രധാന തീരുമാനങ്ങൾ കെപിസിസി അധ്യക്ഷൻ പോലും അറിയാത്ത സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിലെ പ്രവർത്തനരീതിയിൽ മാറ്റം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. അതിന് സാധിക്കാത്ത സാഹചര്യമാണെങ്കിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങൾ സജീവമല്ലെന്നും പാർട്ടി നിശ്ചലാവസ്ഥയിലാണെന്നും നേതാക്കൾ പരാതിപ്പെട്ടു. അതേസമയം, തങ്ങളുടെ നീക്കം മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ അട്ടിമറി നീക്കമല്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.