തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് കാസർഗോഡ് 28കാരന് ദാരുണാന്ത്യം
കാസർഗോഡ്: മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൊയ്തു–ജമീല ദമ്പതികളുടെ മകൻ ഹൈദർ അലി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കാട്ടിപ്പള്ളത്തെ ഗ്രൗണ്ടിൽ സ്കൂട്ടറിൽനിന്ന് വീണുകിടക്കുന്ന നിലയിലാണ് ഹൈദർ അലിയെ കണ്ടെത്തിയത്. സമീപത്തുനിന്ന് റൈഫിളും കണ്ടെടുത്തു. തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന ഹൈദറിനെ സുഹൃത്ത് മുഹമ്മദ് റമീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ദുബായിലായിരുന്ന ഹൈദർ അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടർന്ന് ബോവിക്കാനത്ത് ടെക്സ്റ്റൈൽ കട ആരംഭിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മരിച്ച ഹൈദറിന് ഷാഫി, ഖദീജ, നസീറ എന്നിവർ സഹോദരങ്ങളാണ്. ഷാഫി ദുബായിലാണ്.
