KeralaTrending News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കല്ലേറ്; തളിപ്പറമ്പിൽ പ്രതിഷേധം, സുരക്ഷ ശക്തമാക്കി

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ആക്രമണം. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കല്ലും കൈയും ഉപയോഗിച്ച് വാഹനത്തിൽ ഇടിച്ചതായി മന്ത്രി പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ദേശീയ പതാകയുടെ സ്റ്റാൻഡും തകർത്തു. മന്ത്രിക്കെതിരെ കണ്ണൂരിലും കാസർഗോഡും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. തളിപ്പറമ്പിലെ സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം. പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് സ്ഥലത്തുനിന്ന് മാറ്റിയത്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പൊതുപരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. മന്ത്രിയുടെ ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകളിലും പരിപാടികളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പൊലീസ് സാന്നിധ്യം വർധിപ്പിക്കും.