KeralaTrending News

ചേരാനല്ലൂർ അപകടക്കേസ്: സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി; പൊലീസിൽ അതൃപ്തി

കൊച്ചി: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതിൽ സേനയ്ക്കുള്ളിൽ അതൃപ്തി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ അറിയിച്ചാണ് സ്വീകരിച്ചതെന്നും എന്നിട്ടും സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ മാത്രം സസ്പെൻഡ് ചെയ്തതിൽ നീരസമുണ്ടെന്നുമാണ് പൊലീസുകാർക്കിടയിലെ വിമർശനം. സംഭവത്തിൽ മേൽനോട്ട വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ജഡ്ജിയുടെ മകനായതിനാൽ കേസ് ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. സെൻട്രൽ എസിപി, ഡിസിപി, പൊലീസ് കമ്മീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ വിവരങ്ങൾ അറിയിച്ച ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സംഭവത്തിൽ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. എഡിജിപി പി. വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി ഒതുങ്ങിയതും മേൽനോട്ട ചുമതലയുള്ളവർക്കെതിരെ അന്വേഷണം ഇല്ലാത്തതുമാണ് സേനയ്ക്കുള്ളിൽ അതൃപ്തിക്ക് കാരണമാകുന്നത്.