വാഷിങ്ടണിൽ ബോംബ് ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
അമേരിക്കയ്ക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ പദ്ധതികൾ തയ്യാറാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനമോ രാസായുധ പ്രയോഗമോ നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനാണ് നീക്കമെന്നാണ് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അതേസമയം, പശ്ചിമേഷ്യയിൽ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് വിമാനവാഹിനിക്കപ്പൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കപ്പലിന്റെ വരവ് യുദ്ധം പുനരാരംഭിക്കാനുള്ള അമേരിക്കൻ നീക്കത്തിന്റെ സൂചനയാണെന്ന് ഇറാൻ പ്രതികരിച്ചു. പുതിയൊരു യുദ്ധത്തിന് ആവശ്യമായ സൈനിക സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു.
അതിനിടെ, ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ അനധികൃത ജലപാതയിൽ സഞ്ചരിക്കാൻ ശ്രമിച്ച നാല് കപ്പലുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ മൈനുകളിൽ തട്ടി തീപിടിച്ചതായും ഇറാൻ നാവികസേന അവകാശപ്പെട്ടു.
