World

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും; ലോകം കൂടുതൽ സമാധാനപരമാകുമെന്ന് ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അധികം വൈകാതെ അവസാനിക്കുമെന്നും ഇതോടെ ലോകത്ത് സമാധാനവും സുരക്ഷയും വർധിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യു.എസ്. വെറ്ററൻസ് ഡേ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിക്കുന്നതോടെ നിലവിൽ നേരിടുന്ന തരത്തിലുള്ള ഭീഷണികളില്ലാത്ത കൂടുതൽ സുരക്ഷിതമായ സാഹചര്യം ലോകത്ത് രൂപപ്പെടുമെന്ന് ട്രംപ് പറഞ്ഞു. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കൻ സൈനികരുടെ ധൈര്യത്തെയും പോരാട്ടമികവിനെയും അദ്ദേഹം പ്രശംസിച്ചു. വാഷിങ്ടണിന് സമീപമുള്ള ആർലിങ്ടൺ ദേശീയ സെമിത്തേരിയിൽ നടന്ന ചടങ്ങിൽ സൈനികരുടെ ശവകുടീരങ്ങളിൽ ട്രംപ് പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതുവരെ 23 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പെന്റഗണിന്റെ കണക്ക്.

അതിനിടെ, അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായി രംഗത്തെത്തി. സംഘർഷം അവസാനിച്ചതായി പ്രഖ്യാപിക്കാനാകാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടയിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.