റൺവേയിൽനിന്ന് തെന്നിമാറിയ ആമസോൺ ചരക്കുവിമാനത്തിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു
മയാമി: ആമസോൺ പ്രൈം എയറിന്റെ ചരക്കുവിമാനം റൺവേയിൽനിന്നു തെന്നിമാറി തീപിടിച്ച് അഞ്ചുപേർ മരിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു അപകടം. പോർട്ടോ റിക്കോയിലെ സാൻ ജുവാനിൽനിന്ന് എത്തിയ ബോയിംഗ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മയാമി വിമാനത്താവളത്തിലെ ഡയഗണൽ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം സമീപത്തെ റോഡിലേക്ക് പാഞ്ഞുകയറുകയും വാഹനങ്ങളിൽ ഇടിച്ചു തീപിടിക്കുകയുമായിരുന്നു.
നിർത്തിയിട്ടിരുന്ന പല വാഹനങ്ങളിലും വിമാനം ശക്തമായി ഇടിച്ചതിനെത്തുടർന്ന് വ്യാപക തീപിടിത്തമുണ്ടായി. വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷ സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. “21 എയർ’ എന്ന ചാർട്ടർ കമ്പനിയാണ് ആമസോണിനായി ഈ വിമാനം പ്രവർത്തിപ്പിച്ചിരുന്നത്. അപകടത്തെത്തുടർന്ന് മയാമി വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായി നിർത്തിവച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ആമസോൺ അധികൃതർ, അന്വേഷണത്തിനായി പ്രാദേശിക ഭരണകൂടവുമായും ഏജൻസികളുമായും പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അറിയിച്ചു.
