ബഹിരാകാശത്ത് തന്ത്രപ്രധാന ആയുധങ്ങൾ വിന്യസിച്ച് യുഎസ്; ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പ്
വാഷിങ്ടൺ: ശത്രുരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും ഭീഷണികളും നേരിടാൻ തന്ത്രപ്രധാനമായ ബഹിരാകാശ ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ച് അമേരിക്ക. മേരിലാൻഡിൽ നടന്ന ‘എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിലാണ്’ യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെിങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈന്യത്തിനും ഉപഗ്രഹങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി ശക്തമായ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് വിന്യസിച്ചതെന്ന് മെിങ്ക് പറഞ്ഞു. എന്നാൽ വിന്യസിച്ച ആയുധങ്ങളുടെ സ്വഭാവം, സാങ്കേതികവിദ്യ, എണ്ണം, അവ ഭ്രമണപഥത്തിൽ പ്രവർത്തനം ആരംഭിച്ച സമയം തുടങ്ങിയ വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല.
ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പ്
ബഹിരാകാശ ആധിപത്യത്തിനായി ചൈനയും റഷ്യയും സൈനിക-ഉപഗ്രഹ ശേഷി വർധിപ്പിക്കുന്നതിനിടെയാണ് യുഎസിന്റെ നിർണായക നീക്കം. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയുന്ന ലേസർ സാങ്കേതികവിദ്യ, കമ്യൂണിക്കേഷൻ ജാമിങ് സംവിധാനങ്ങൾ, ശത്രു ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ എന്നിവ ഇരു രാജ്യങ്ങളും വികസിപ്പിക്കുന്നതായി അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയോ റഷ്യയോ ബഹിരാകാശ മേഖലയിൽ നടത്തുന്ന ഏത് ആക്രമണത്തിനും അതേ മേഖലയിൽനിന്ന് തന്നെ മറുപടി നൽകാൻ യുഎസ് സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് പ്രഖ്യാപനത്തിലൂടെ നൽകുന്നത്.
ബഹിരാകാശ യുദ്ധഭീതിയും ശക്തമാകുന്നു
1967ലെ അന്താരാഷ്ട്ര ഔട്ടർ സ്പേസ് ട്രീറ്റി പ്രകാരം ബഹിരാകാശത്ത് ആണവായുധങ്ങളും വ്യാപക നശീകരണ ശേഷിയുള്ള ആയുധങ്ങളും വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ പരമ്പരാഗത സൈനിക ആയുധങ്ങൾക്കും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾക്കും കരാറിൽ പൂർണ നിരോധനമില്ല. ഈ നിയമപരമായ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് അമേരിക്ക ഭ്രമണപഥത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയതെന്നാണ് വിലയിരുത്തൽ. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉപയോഗിച്ച് ശത്രു ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ തടസ്സപ്പെടുത്താനും ആവശ്യമായാൽ അവയുടെ പ്രവർത്തനം തടസപ്പെടുത്താനും യുഎസ് സംവിധാനങ്ങൾക്ക് ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസ് സ്പേസ് ഫോഴ്സിന്റെ പുതിയ നീക്കത്തോടെ കരയിലും കടലിലും ആകാശത്തും മാത്രമുണ്ടായിരുന്ന സൈനിക മത്സരം ഇനി ബഹിരാകാശ മേഖലയിലും കൂടുതൽ ശക്തമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
