ചേരാനല്ലൂർ അപകടം: പൊലീസിന്റെ വീഴ്ചയിൽ ഇന്ന് തന്നെ നടപടി; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സംഭവം അറിഞ്ഞ ഉടൻ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം എംഎൽഎ ഫോണിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഡിജിപിയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതിന്റെ കാരണം ചോദിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ജഡ്ജിയുടെ മകനായാലും മറ്റാരുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടത്തിൽപ്പെട്ടത് കുടുംബത്തിനായി ഭക്ഷണം കൊണ്ടുപോകുകയായിരുന്ന സാധാരണക്കാരനാണ്. കുടുംബം മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 17കാരന് ജാമ്യം അനുവദിക്കരുതെന്ന് ജുവനൈൽ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടതായും വാഹനത്തിന്റെ ഉടമയ്ക്കെതിരെ കേസെടുത്ത് ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും ചെന്നിത്തല ആരോപിച്ചു. പണത്തിനോ സ്വാധീനത്തിനോ വഴങ്ങി സർക്കാർ പ്രവർത്തിക്കില്ലെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശേരി വാഹനാപകടക്കേസിൽ പൊലീസ് വേഗത്തിൽ ഇടപെട്ടതായും പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് നിശാന്തിനി ഐപിഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. കേസിൽ പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല സഭയിൽ വ്യക്തമാക്കി.
