മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കും; മഫ്തിയിലും പൊലീസിനെ വിന്യസിക്കാൻ നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് എഡിജിപിയുടെ നിർദേശം. പൊതുപരിപാടികളിലും യാത്രാവേളകളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശം. പൊതുപരിപാടികളിൽ മുഖ്യമന്ത്രിയെ സമീപിക്കുന്നവരുടെ എണ്ണം വർധിക്കുകയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അടുത്തെത്തി ശരീരത്തിൽ സ്പർശിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നുവെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന സുരക്ഷാ പരിരക്ഷയുള്ള മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രകളിലും ഇത്തരം സാഹചര്യങ്ങൾ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി പരിപാടി വേദികളിലും യാത്രാമാർഗങ്ങളിലും ആവശ്യമായ പൊലീസ് സന്നാഹം ഉറപ്പാക്കണം. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ മഫ്തിയിലുള്ള പൊലീസുകാരെയും വിന്യസിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും ജില്ലാ പൊലീസ് മേധാവികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
