നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറും എസ്ഐആറിനെതിരായ പ്രക്ഷോഭത്തിൽ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടും
ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും (എസ്ഐആർ) പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പരകാല പ്രഭാകറും പ്രക്ഷോഭത്തിൽ അണിനിരക്കും. ഒക്ടോബർ 23ന് ഡൽഹിയിൽ നടക്കുന്ന വൻ ജനകീയ മാർച്ചിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധത്തിന്റെ ഭാഗമാണ്. വിവിധ ജനകീയ സംഘടനകളുടെ സംയുക്ത വേദിയായ ‘പീപ്പിൾ എഗൈൻസ്റ്റ് എസ്ഐആർ’ ആണ് മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘ഓരോ കൈകളിലും ത്രിവർണ പതാക, ഓരോ തെരുവിലും ജന്തർ മന്തർ’ എന്നർഥം വരുന്ന ‘ഹർ ഹാത്ത് മേം തിരംഗ, ഹർ ഗലീ മേം ജന്തർ മന്തർ’ എന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യം.
വോട്ടർപട്ടികയിലെ പരിശോധനാ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെയും പ്രതിഷേധക്കാർ വിമർശിക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തുഷാർ ഗാന്ധി തുടങ്ങിയ പ്രമുഖരും മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. വിവിധ ജനകീയ സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് പൗരത്വത്തിന് മേലുള്ള രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് പരകാല പ്രഭാകർ നേരത്തെ വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലപാടും വരാനിരിക്കുന്ന മാർച്ചിലെ പങ്കാളിത്തവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നയങ്ങൾക്കെതിരെ നേരിട്ട് തെരുവിലിറങ്ങുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. എസ്ഐആറിനെച്ചൊല്ലിയുള്ള തർക്കം ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിനിടെയാണ് ഡൽഹിയിലെ മാർച്ച്.
