World

യുഎൻ സുരക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; റഷ്യയുടെ പിന്തുണ, ജർമനി-ജപ്പാൻ സീറ്റിനെ എതിർത്ത് ലവ്റോവ്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യം റഷ്യ വീണ്ടും പിന്തുണച്ചു. സുരക്ഷാസമിതി പരിഷ്കരിക്കുമ്പോൾ ജർമനിക്കും ജപ്പാനും അധിക സ്ഥിരാംഗ സീറ്റ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് വ്യക്തമാക്കി. യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലവ്റോവ്. സുരക്ഷാസമിതിയിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നാണ് റഷ്യയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകുന്നതിനെ റഷ്യ പിന്തുണയ്ക്കുന്നതായും ലവ്റോവ് വ്യക്തമാക്കി.

സുരക്ഷാസമിതി പരിഷ്കരണത്തിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും അർഹമായ പരിഗണന ലഭിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ), യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ തുടങ്ങിയ വേദികളിലൂടെയും തന്ത്രപരമായ പങ്കാളിത്തങ്ങളിലൂടെയും ആഗോള സമാധാനത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ലവ്റോവ് പറഞ്ഞു. ഐക്യരാഷ്ട്രസഭ തന്നെയാണ് ആഗോള സഹകരണത്തിന്റെയും സമാധാനശ്രമങ്ങളുടെയും കേന്ദ്രമായി തുടരേണ്ടതെന്നും മറ്റ് പരിമിത വേദികൾക്ക് പകരം യുഎന്നിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.