NationalTrending News

‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരവും ബേബി കിറ്റും

മധുര: തമിഴ്‌നാട് സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരത്തിനൊപ്പം ബേബി കിറ്റും നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

സെപ്റ്റംബർ 15ന് പദ്ധതിയുടെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ് ചടങ്ങ് ഇന്നത്തേക്ക് മാറ്റിയത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്വർണമോതിരത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.ജി. അരുണ്‍രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 916 ഹോൾമാർക്ക് നിലവാരത്തിലുള്ള സ്വർണമായിരിക്കും കുട്ടികൾക്ക് നൽകുകയെന്നും മന്ത്രി അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചെങ്കൽപേട്ട്, തിരുപ്പൂർ ജില്ലകളിൽ പദ്ധതി നിലവിൽ നടപ്പാക്കില്ല. ഉദ്ഘാടനച്ചടങ്ങിന് ശേഷം മുഖ്യമന്ത്രി മധുരയിലെ നവീകരിച്ച ഗാന്ധി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. തുടർന്ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും അദ്ദേഹം മടങ്ങുക.