ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; രാജ്യവ്യാപക സമരത്തിന് കോൺഗ്രസ്, ഇന്ത്യ സഖ്യ യോഗം ബുധനാഴ്ച
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും. ഭഗത്സിംഗ് ദിനം ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ഇടത് പാർട്ടികൾ. ഡൽഹിയിൽ ഭഗത്സിംഗ് പ്രതിമയിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി നേതൃത്വം നൽകും. മുംബൈയിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സിജെപി രംഗത്തെത്തി. അനുമതി നൽകാത്തപക്ഷം ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും. യോഗത്തിന് മുന്നോടിയായി എം.എ. ബേബി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സംയുക്ത പ്രതിഷേധത്തിന് കേജ്രിവാളിന്റെ പിന്തുണ തേടിയതായാണ് വിവരം. തിരുത്തലുകൾ വരുത്തി സമ്പൂർണ യോഗം ചേർന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനിലെ തർക്കങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത ലക്ഷക്കണക്കിന് പേരുടെ അപ്പീലുകളിൽ സ്വീകരിക്കേണ്ട നടപടിയും തീരുമാനമായിട്ടില്ല. ഫോം 6-ന്റെ ഓൺലൈൻ അപേക്ഷയിൽ അധികമായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ ഒഴിവാക്കുമോ, ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്ഥാനത്ത് തുടരുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.
