കാനഡയ്ക്ക് യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധത്തിന് നീക്കം; ‘അസോസിയേറ്റ് അംഗത്വ’ സാധ്യത പരിശോധിക്കുന്നു
ബ്രസൽസ്: യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള കാനഡയുടെ നീക്കത്തിന് പിന്തുണയുമായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ. വിവിധ മേഖലകളിൽ ഇയുവുമായി കൂടുതൽ സഹകരിക്കാൻ കാനഡയ്ക്ക് ‘വാതിൽ തുറക്കുന്ന’ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് അവർ യൂറോപ്യൻ പാർലമെന്റിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ ‘അസോസിയേറ്റ് അംഗം’ എന്ന പദവി ലക്ഷ്യമിട്ടുള്ള കാനഡയുടെ താൽപര്യമാണ് ഇതിലൂടെ പരിഗണിക്കുന്നത്. നിലവിൽ ഇയുവിൽ ഇത്തരമൊരു അംഗത്വ സംവിധാനം നിലവിലില്ലാത്തതിനാൽ കാനഡയുടെ നീക്കം അംഗീകരിക്കപ്പെട്ടാലും നടപടികൾ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവന്നേക്കും.
അമേരിക്കയുമായുള്ള ബന്ധത്തിൽ സംഘർഷം തുടരുന്നതിനിടെയാണ് കാനഡ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുക്കാനുള്ള ശ്രമം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളും ഇതിനകം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ മാസം കാനഡ-യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ പുതിയ തീരുവകളും പ്രാബല്യത്തിൽ വന്നിരുന്നു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ തർക്കം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
