‘ഇതാണോ മാധ്യമപ്രവർത്തനം?’; ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, വാറന്റിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്: മുഖ്യമന്ത്രി
തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ആന്റോ അഗസ്റ്റിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ‘ഇതാണോ മാധ്യമപ്രവർത്തനം’ എന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിൽ ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്റോ അഗസ്റ്റിനെതിരെ നിരവധി വഞ്ചനാ കേസുകളുണ്ടെന്നും ജിഎസ്ടി തട്ടിപ്പ് കേസിലും പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പൊലീസ് വളരെ സംയമനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് ഏതെങ്കിലും വാർത്തയുമായി ബന്ധമില്ലെന്നും ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 136 കുപ്പി മദ്യം കണ്ടെത്തിയത് എക്‌സൈസ് നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനത്തിൽനിന്ന് ഡോളറും പൊലീസ് കണ്ടെത്തിയതായി വി ഡി സതീശൻ ആരോപിച്ചു.
റെയ്ഡിനെ പ്രതിപക്ഷം എതിർത്തതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. പിണറായി വിജയൻ റെയ്ഡിനെ എതിർക്കുന്നത് കണ്ടെന്നും എന്നാൽ മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മംഗളം, ഏഷ്യാനെറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും നേരത്തെ റെയ്ഡ് നടന്നിട്ടുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കണ്ടെത്തിയ മദ്യശേഖരം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽനിന്ന് പുലർച്ചെ എക്‌സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.
