KeralaTrending News

67 ലിറ്ററിലധികം മദ്യം പിടികൂടി; റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ

കൊച്ചി: വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ എസ്ഐടി നടത്തിയ പരിശോധനയ്ക്കിടെയാണ് ആന്റോയുടെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് എസ്ഐടി പരിശോധനയ്ക്കിടെയാണ് ആന്റോയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും.

വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ അളവ് ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്നതിലും കൂടുതലാണെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. പരിശോധനയ്ക്കിടെ 43 ലിറ്റർ വിദേശ നിർമിത മദ്യം, 4.824 ലിറ്റർ വിദേശ വൈൻ, 5.500 ലിറ്റർ കേരള വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി ലിക്കർ, വീട്ടിൽ നിർമിച്ച വൈനെന്ന് സംശയിക്കുന്ന 12.750 ലിറ്റർ പദാർഥം എന്നിവയാണ് പിടിച്ചെടുത്തത്. മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്‌ഐആർ നൽകണമെന്നും അത് ലഭിച്ചാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂവെന്നുമായിരുന്നു ആന്റോയുടെ നിലപാട്. ഇതേത്തുടർന്ന് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.

കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.