Kerala

തെറ്റുതിരുത്തലിൽ വിട്ടുവീഴ്ചയില്ല; ഗോവിന്ദനും പിണറായിക്കും തിരുത്തൽ നിർദേശിച്ച് സിപിഎം പി.ബി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെയും പശ്ചാത്തലത്തിൽ കേരള ഘടകത്തിൽ ഗുരുതര സംഘടനാ വീഴ്ചകളുണ്ടായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ വിലയിരുത്തലിന് അനുസരിച്ചാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നടപടികൾ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയതോടെ തെറ്റുതിരുത്തൽ നടപടികൾക്ക് പാർട്ടി നേതൃത്വം കൂടുതൽ ഊന്നൽ നൽകി. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാനാകില്ലെന്ന പി.ബിയുടെ നിലപാട് അദ്ദേഹത്തിനും സംസ്ഥാന നേതൃത്വത്തിനുമുള്ള കനത്ത മുന്നറിയിപ്പായി.

കണ്ണൂരിലെ പാർട്ടിയുടെ ഉറച്ച സീറ്റുകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ തോൽവി എം.വി. ഗോവിന്ദന്റെ വീഴ്ചയാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഗോവിന്ദൻ തിരുത്തലുകൾ വരുത്തണമെന്ന നിലപാടാണ് ജനറൽ സെക്രട്ടറി സ്വീകരിച്ചത്. മുതിർന്ന നേതാവെന്ന നിലയിൽ പിണറായി വിജയനും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് പി.ബി. നിർദേശിച്ചു. പിണറായിക്കെതിരെ ഉയർന്ന വിമർശനങ്ങൾ അദ്ദേഹം ഗൗരവമായി പരിഗണിച്ച് ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറാകണമെന്നാണ് നിർദേശം.

അതേസമയം, പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയ നടപടി നേതൃത്വതലത്തിലെ വലിയ അഴിച്ചുപണിയായി കാണാനാകില്ലെന്നാണ് വിലയിരുത്തൽ. അടുത്ത സമ്മേളനത്തിൽ പ്രായപരിധി കാരണം പി. ജയരാജന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടിവരുന്നതിനാൽ പുതിയ നിയമനം അതിന് മുമ്പുള്ള പരിഗണനയായി മാത്രമാണ് കാണുന്നത്. പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ചർച്ചയുടെ ഗൗരവത്തിന് അനുസരിച്ചുള്ള തിരുത്തൽ നടപടികൾ ഉണ്ടായിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പൂർണമായും ഉത്തരവാദികളായ സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് യോഗത്തിൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇനി പ്രത്യേക ജില്ലാ കമ്മിറ്റികൾ ചേർന്ന് തെറ്റുതിരുത്തൽ ചർച്ചകൾ നടത്തുമെന്നാണ് എം.എ. ബേബിയും എം.വി. ഗോവിന്ദനും വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്കും കടക്കും.