Business

ഗൂഗിൾ ക്ലൗഡുമായി ചേർന്ന് ഇന്റർ സ്കൂൾ കോഡിങ് ഹാക്കത്തോൺ സംഘടിപ്പിച്ച് സൻസ്കാര സ്‌കൂൾ

കൊച്ചി : ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി എഐ ഹാക്കത്തോണും ബൂട്ട്ക്യാമ്പും സംഘടിപ്പിച്ച് കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്‌കൂൾ. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസുമായി (മിറ്റ്സ് കൊച്ചി) സഹകരിച്ച് നടത്തുന്ന ‘ഹാക്ക് യുവർ ഫ്യൂച്ചർ’ ഇന്റർ സ്കൂൾ കോഡിങ് ഹാക്കത്തോൺ – സീസൺ 2-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കോഡിങ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകും. സെപ്റ്റംബർ 10, 11 തീയതികളിൽ കാക്കനാട് ഇൻഫോപാർക്ക് ഫേസ് 2-ൽ സ്ഥിതി ചെയ്യുന്ന സൻസ്കാര സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
മുൻപ് കോഡിങ് പരിചയമില്ലാത്തവർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ആദ്യ ദിനം ബൂട്ട്ക്യാമ്പും രണ്ടാം ദിനം ഹാക്കത്തോണുമായാണ് ‘ഹാക്ക് യുവർ ഫ്യൂച്ചർ’ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 10-ന് രാവിലെ 8.30 മുതൽ വൈകീട്ട് 4 വരെയാണ് ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെയുള്ള ‘എഐ ബൂട്ട്ക്യാംപ്’ നടക്കുന്നത്. ഗൂഗിൾ എഐ ടൂളുകൾ, ടീച്ചബിൾ മെഷീൻ, ജെമിനി, നോ-കോഡ് എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഈ സെഷനിൽ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും. കൂടാതെ മെഷീൻ ലേണിങ്, ജനറേറ്റീവ് എഐ, ഡാറ്റ, എഐ എത്തിക്സ്, പ്രോംപ്റ്റ് എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഗൂഗിളിൽ നിന്നുള്ള വിദഗ്ധരും മിറ്റ്സിലെ അധ്യാപകരും വിദ്യാർഥികൾക്ക് നേരിട്ട് പരിശീലനം നൽകും.

സെപ്റ്റംബർ 11-ന് രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെയാണ് ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സസ്‌റ്റൈനബിലിറ്റി, സ്മാർട്ട് കമ്മ്യൂണിറ്റികൾ എന്നീ മേഖലകളിലെ യഥാർഥ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തി പ്രോട്ടോടൈപ്പുകൾ തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 6 മണിക്കൂറിനുള്ളിൽ പ്രോജക്ടുകൾ പൂർത്തിയാക്കി വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കണം. മികച്ച ടീമുകൾക്ക് ക്യാഷ് അവാർഡുകളും, ഒപ്പം രക്ഷിതാക്കൾ, മാധ്യമങ്ങൾ, വിദ്യാഭ്യാസ പ്രമുഖർ എന്നിവർക്ക് മുന്നിൽ പ്രോജക്ടുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 20,000 രൂപയുടെ ക്യാഷ് അവാർഡും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപയുടെ അവാർഡുകളും ലഭിക്കും.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം മുന്നേറുമ്പോൾ ചെറുപ്പത്തിലേ തന്നെ വിദ്യാർഥികളെ അതിന് പ്രാപ്തരാക്കേണ്ടതുണ്ടെന്നും, കേവലം പാഠപുസ്തക പഠനത്തിനപ്പുറം സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ചിന്തിക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്‌ എം. ജോർജ് പറഞ്ഞു. സൻസ്കാര സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സി.എസ്.ആർ ഹെഡ് രോഹിത് രാജ് എന്നിവരും പ്രസ്സ് മീറ്റിൽ പങ്കെടുത്തു.