ഐ സി എൽ “ഒന്നിച്ചോണം പൊന്നോണം 2026” ആഘോഷങ്ങൾ ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: “ഒന്നിച്ചോണം പൊന്നോണം 2026” ആഘോഷങ്ങൾ ഓഗസ്റ്റ് 23ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അഡ്വ.കെ.ജി.അനിൽകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട എം.എൽ.എ. തോമസ് ഉണ്ണിയാടൻ, ഐ.സി.എൽ ഫിൻകോർപ്പ് സി.ഇ.ഓ യും, ഹോൾ ടൈം ഡയറക്ടറും, വൈസ് ചെയർപേഴ്‌സണുമായ ഉമ അനിൽകുമാർ, സി.എഫ്.ഒ മാധവൻകുട്ടി തെക്കേടത്ത്, വൈശാഖ് സി.എസ്. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 23 വൈകുന്നേരം 3 മണിക്ക് ഇരിങ്ങാലക്കുട നഗരത്തിൽ
സാംസ്‌കാരിക ഘോഷയാത്ര നടക്കും.
ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന “ബിഗ് സ്ക്രീൻ അവാർഡ്സ് 2026” സന്ധ്യ തുടർന്ന് അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെർഫോമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
